ഖത്തറില്‍ മലയാളി ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ; എല്ലാവരും മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍


ഖത്തറില്‍ മലയാളി ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ. വ്യവസായ ആവശ്യത്തിന് ഖത്തറിലെത്തിയ മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ജനുവരി 14ന് കസ്റ്റഡിയിലെടുത്ത ഇവര്‍ ഇതുവരെ ഏകാന്ത തടവിലായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത വിവരം സെപ്തംബര്‍ മാസത്തില്‍ മാത്രമാണ് ദോഹയിലെ ഇന്ത്യന്‍ എംബസി അറിഞ്ഞത്. ഇവര്‍ക്കെതിരായ കുറ്റകൃത്യമെന്താണെന്ന് ഖത്തര്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. സെയിലര്‍ രാകേഷ് എന്ന മലയാളിയ്ക്കും ഒപ്പം ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ്മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, സിഡിആര്‍ അമിത് നാഗ്പാല്‍, സിഡിആര്‍ പൂര്‍ണേന്ദു തിവാരി, സിഡിആര്‍ സുഗുണാകര്‍ പകല, സിഡിആര്‍ സഞ്ജീവ് ഗുപ്ത എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഖത്തറിന്റെ സായുധ സേനയ്ക്ക് പരിശീലനവും അനുബന്ധ സേവനങ്ങളും നല്‍കുന്ന ഒരു സ്വകാര്യ സ്ഥാപനമായ ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇവര്‍. മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തിയെന്ന് ആരോപിച്ചാണ് ഇവരെ ശിക്ഷിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

Post a Comment

Previous Post Next Post